കോൽക്കത്ത: ബംഗാളി നടനും ബിജെപി നേതാവുമായ ജോയ് ബാനർജി(62) അന്തരിച്ചു. കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. 2021 മുതൽ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല.
2014 മുതൽ 2021 വരെ അദ്ദേഹം പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിർഭും നിയോജകമണ്ഡലത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപി സതാബ്ദി റോയിക്കെതിരെ മത്സരിച്ച് ജോയ് ബാനർജി പരാജയപ്പെട്ടിരുന്നു.
2019ൽ ഉലുബേരിയ ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചെങ്കിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സജ്ദ അഹമ്മദിനോട് പരാജയപ്പെട്ടു. 2021-ൽ, താൻ ഇനി തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പ്രതിനിധീകരിക്കില്ലെന്ന് ജോയ് ബാനർജി പ്രഖ്യാപിച്ചിരുന്നു.
ബംഗാളി ചലച്ചിത്ര നിർമാതാവ് സുഖേന ദാസ്, അഞ്ജൻ ചൗധരി എന്നിവരുടെ നിരവധി ചിത്രങ്ങളിൽ ജോയ് ബാനർജി അഭിനയിച്ചിട്ടുണ്ട്. "ഹിരാക് ജയന്തി', "മിലൻ തിഥി', "ജിവൻ മാരൻ', "നാഗ്മതി' തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്.
ബിജെപിയുടെ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. തൃണമൂൽ കോൺഗ്രസ് കൗൺസിലർ അനന്യ ബാനർജി, ജോയ് ബാനർജിയുടെ മുൻ ഭാര്യയാണ്.